കാസർഗോഡ്: റോഡിലൂടെ സൈക്കിളിൽ പോവുകയായിരുന്ന 10 വയസുകാരിയെ തടഞ്ഞുനിർത്തി ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. പയ്യന്നൂര്‍ വെള്ളൂർ സ്വദേശി ഫിർദൗസ് മൂപ്പന്റകത്ത് (39) ആണ് അറസ്റ്റിലായത്. സംഭവം നടന്ന സ്ഥലത്തിനു സമീപത്തെ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്. കാസർഗോഡ് വനിതാ പോലീസ് സ്റ്റേഷൻ എസ്ഐ അജിതയും സിപിഒ സുമിമോളും ജില്ലാ ക്രൈം സ്ക്വാഡും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകൾ ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാൾക്കെതിരേ നേരത്തേ കാഞ്ഞങ്ങാട്, പെരിങ്ങോം സ്റ്റേഷനുകളിലും സമാന രീതിയിലുള്ള കേസുകൾ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.